Tuesday, October 11, 2011

പാളം തെറ്റിയ ജീവിതങ്ങള്‍....



























പാളം തെറ്റിയ ജീവിതങ്ങള്‍....
(എന്‍റെ കുഞ്ഞു ചിന്തകള്‍)

ഇന്നലെ എന്‍റെ തീവണ്ടി യാത്രയില്‍ ഞാന്‍ കണ്ടൊരു അമ്മ...ഭ്രാന്തിയായ അമ്മ കാലില്‍ നിറയെ എന്നോ തേച്ച മഞ്ഞള്‍ കട്ടപിടിച്ച് കിടക്കുന്നു..അഴുക്ക് പിടിച്ച നഖങ്ങള്‍ നീണ്ടു വളര്‍ന്ന് കിടക്കുന്നു..ദുര്‍ഗന്ധം പരത്തുന്ന മുഷിഞ്ഞ വസ്ത്രം...ചിലപ്പോള്‍ തല താഴ്ത്തിയും ചിലപ്പോള്‍ പുറത്തേക്ക് നോക്കിയും ചിലപ്പോള്‍ നിലത്ത് നിരങ്ങിയും അവ്യക്തമായ നോവിന്‍ വേദനകള്‍ മായ്ച്ചു കളയാന്‍ നന്നേ പാടുപെടുന്ന പോലെ......എന്‍റെ ക്യാമറ കണ്ണുകള്‍ മിന്നിയപ്പോള്‍ തെല്ല് രൂക്ഷമായി അതിലും സൂക്ഷമായി അവരെന്നെ നോക്കി.. ഇവനും ഇനി എന്നെ ചൂഷണം ചെയ്യാന്‍ വന്ന സമൂഹത്തിന്‍റെ കണ്ണിയാണോ എന്നൊരു ഭാവത്തോടെ ഓര്‍മ്മകളിലെ ക്രൂരമായ മുഖങ്ങളില്‍ എന്നെ തിരയുന്ന പോലെ തോന്നി എനിക്ക്...!!

എങ്കിലും അവര്‍ക്കരികില്‍ വിപരീതദിശയില്‍ അവരെ നോക്കി നിന്നു...എന്നെ വീണ്ടും നോക്കിയാല്‍ എന്തേലും മിണ്ടാന്‍ കഴിഞ്ഞാല്‍ ഭക്ഷണമെങ്കിലും വാങ്ങികൊടുക്കാലോ എന്നു കരുതി...ഒരു ആണാണെങ്കില്‍ ധൈര്യമായി അടുത്തു ചെല്ലാം പക്ഷേ പെണ്ണായിപോയില്ലേ...ഒന്നിനും വയ്യാത്ത അവസ്ഥ..എന്നാലും അവരുടെ ഒരു നോട്ടത്തിനായി ഞാന്‍ കാത്തുനിന്നു.ഇച്ചിരികൂടെ അരികിലേക്ക് നീങ്ങി നിന്നു ഞാന്‍ എങ്ങിനെങ്കിലും കണ്ണില്‍ പെടട്ടെ എന്നുകരുതി.പക്ഷേ അവര്‍ എന്നെ നോക്കിയതേയില്ലാ...ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്കല്ലാതെ ബാക്കി എല്ലായിടവും നോക്കുന്നു....എനിക്കരികില്‍ മാത്രം തല കുനിച്ച് നില്‍ക്കുന്നു....ചുണ്ടുകള്‍ ഭ്രാന്തമായി പിറുപിറുക്കുന്നു...

അപ്പൊളേക്കും ആളുകള്‍ ഇച്ചിരി മാറിനിന്ന് എന്നെയും അവരേയും മാറി മാറി നോക്കുന്നു......”ഒറ്റകയ്യന്‍ ഗോവിന്ദചാമിയും അല്ലാത്ത ഞെരമ്പുരോഗികളും പൂങ്കാവനമാക്കിയ തീവണ്ടിയില്‍ ഇതേതാ മറ്റൊരു ചാമി?..ഒരു ഭ്രാന്തിയെ പോലും വെറുതെ വിടില്ലെന്നോ...”

അവരെന്ന സമൂഹം എന്നെ നോക്കി പറയുന്ന പോലെ തോന്നി...നല്ല അടി നാട്ടില്‍ കിട്ടാവുന്നതും കൊണ്ടും പല നാട്ടുകാരും പല സംസ്കാരക്കാരും ഒഴുകുന്ന തീവണ്ടിയിലെ സമിശ്ര അടി താങ്ങാനുള്ള ശക്തി ന്റ്റെ ശരീരത്തിനില്ലാത്തതുകൊണ്ടും...അവരുടെ ചിന്തകള്‍ അവര്‍ക്കും എന്‍റെചിന്തകള്‍ എനിക്കും വിട്ടുകൊണ്ട് ഞാന്‍ തിരികെ എന്‍റെ സീറ്റില്‍ ഇടം തേടി....

തീവിണ്ടിയിലെ ഫുഡ് കഴിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ യാത്രയില്‍ കഴിക്കാന്‍ വേണ്ടി കരുതിയിരുന്ന ഒരു പാക്കറ്റ് ഗുഡ് ഡേ ബിസ്കറ്റ് കയ്യിലെടുത്ത് കഴിക്കാന്‍ നേരം...ആ അമ്മയുടെ ഒട്ടിയ വയറ് ഓര്‍മ്മയില്‍ തെളിഞ്ഞു...എനിക്ക് വിശപ്പുണ്ട് പക്ഷേ കഴിക്കാന്‍ തോന്നാത്ത അവസ്ഥ...”ബിസ്കറ്റ് കഴിച്ചാല്‍ കൊളസ്ട്രോള്‍ വരും “ എന്ന് മനസ്സിനെ സമാധാനിപ്പിച്ച് ബിസ്കറ്റ് പാകറ്റ് പുറത്തേക്ക് കളഞ്ഞു.....

ഭക്ഷണമില്ലാതെ ആ വിശപ്പിന്‍റെ വേദന അറിയാതെ ഒട്ടിയ വയറുമായ് പുലഭ്യം പറയാതെ പറഞ്ഞ് ഇഴഞ്ഞു നീങ്ങുന്ന അമ്മയുടെ കാഴ്ച ഒരു വശത്ത്... ഭക്ഷണസാധനം നശിപ്പിക്കരുതെന്ന സത്യം അറിയുമായിരുന്നിട്ടും വിശന്നിട്ടും ചില നോവിന്‍റെ പേരില്‍ ഭക്ഷണം വലിച്ചെറിഞ്ഞവന്‍ ഒരു വശത്ത്... ‘‘ഇതുപോലെ എത്ര ഭ്രാന്തികള്‍ ഭ്രാന്തന്മാര്‍..ഉത്തരേന്ത്യയില്‍ ഇതൊക്കെ സര്‍വ്വ സാധാരണ കാഴ്ചയാണെന്ന്“ പറഞ്ഞ് പുച്ചിച്ച് ചിരിച്ചും കളിച്ചും കഴിച്ചും അവരുടെ വേദനയില്‍ ഒതുങ്ങിയും ഒഴുകുന്ന സമൂഹം ഇതിനു നടുവിലൂടെ ഒഴുകുന്നു...ഞാനും അവരിലെ ഒരു കണ്ണിയാണെന്ന് തിരിച്ചറിയാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ലാ....

ആ അമ്മയുടെ ഭ്രാന്തമായ നോവുകളുടെ ആഴം തേടി എന്‍റെ ചിന്തകളും ഞാനും തിരുവനന്തപുരത്ത് തീവണ്ടിയിറങ്ങി...ചുണ്ടില്‍ തെറിവാക്ക് പുകയുന്നു... ഇനി ഞാനും ഭ്രാന്തനാണോ? എന്‍റെ ഉടുപ്പ് മണത്തുനോക്കി..ഇല്ലാ മുഷിയാന്‍ തുടങ്ങിയിട്ടില്ല......മുന്നില്‍ കാണുന്നവരെല്ലാം എന്നെ തുറിച്ചു നോക്കുന്ന പോലെ...എന്നെ പുലഭ്യം പറയുന്ന പോലെ...ഇനി അവരും ഭ്രാന്തരാണോ....അല്ല ഭ്രാന്തില്ലാത്തവര്‍ ആരാ അല്ലേ.?? എനിക്കും സമൂഹത്തിനും ഭ്രാന്തിളകിയിരിക്കുന്നു......

എന്നെ കണ്ടതും കൂട്ടുകാരന്‍ ദാസ്..

ഭായ് എത്തിയോ..പെരുന്നാള്‍ കഴിഞ്ഞു...ഓണം കഴിഞ്ഞു...ചിലവുണ്ടേ....

വൈകിയിട്ടെന്താ പരിപാടി....!!!




ഷെബി ഒരു മഴതുള്ളി...