Thursday, June 24, 2010

....തുള്ളികള്‍.....
ഞാന്‍ ചിരിക്കുകയല്ല..
ഇതെന്‍റെ പുഞ്ചിയുമല്ല....
ഞാന്‍ കരയുകയല്ല...
ഇതെന്‍റെ കണ്ണീരുമല്ല...

ഈ മഴതുള്ളികള്‍ അന്നുതൊട്ടിന്നുവരെ
എന്നെ പുല്‍കാറുണ്ട്,
കാമം കൊണ്ടല്ല,
സ്നെഹം കൊണ്ട്.

ഇന്നലെ എന്നില്‍ നിറയെ ചായങ്ങളായിരുന്നു..
മുഖം മൂടിയിട്ട നിഴലുകള്‍,
എന്നിലെ ചായങ്ങള്‍ ഊരിയെടുത്തപ്പോഴും
ഈ തുള്ളികള്‍ ഒരു കുപ്പായമായ് എന്നിലൂടെ ഒഴുകിയിറങ്ങി
എന്‍റെ നഗ്നതയെ മറച്ചിരുന്നു.....
എന്‍റെ കണ്ണുകളിലെ കൃഷ്ണമണിയെ തിരഞ്ഞിരുന്നു......
മുറ്റത്തുവീണ തേങ്ങലില്‍ ഉപ്പ് തിരഞ്ഞിരുന്നു.....

അടര്‍ന്നുവീഴുന്ന എന്നിലെ
സ്വപ്നങ്ങളുടെ തൂവല്‍ തുണ്ടുകള്‍ എണ്ണിയെണ്ണി,
എന്‍റെ കണ്ണുനീര്‍ കുഴഞ്ഞുവീണപ്പൊഴും
എന്‍ കണ്‍പീലികളില്‍
നിറകുടമായ് വിതുമ്പി നിന്നതും ഈ തുള്ളികള്‍ തന്നെ......

ഞങ്ങള്‍ മരിക്കുകയല്ല,
പ്രണയിക്കുകയാണ്.......
രാത്രിയുടെ നിശബ്ദതയില്‍
കരിയിലകൂട്ടങ്ങളില്‍ മഴതുള്ളികള്‍ ചിതറിതെറിക്കുമ്പൊള്‍
കാതോര്‍ക്കുക..
ഞങ്ങളുടെ യുഗ്മ താളം കേള്‍ക്കാം...
ഒടുവിലൊരു പൊങ്ങുതടി പോലെ
ഒഴുകിയൊഴുകി ഞങ്ങള്‍ സമാധി തേടുന്നതും കാണാം....

ഇപ്പൊള്‍..
മഴമേഘങ്ങളുടെ ഗര്‍ഭപാത്രത്തില്‍
ഇച്ഛാശക്തിയുടെ
ഒരു മഴകുഞ്ഞ്
വാവിട്ടു കരയുന്നു......
വാവിട്ടു കരയുന്നു.........

ഷെബി ഒരു മഴതുള്ളി...

Monday, June 21, 2010

...പ്രണയം....

ശാന്തമായൊഴുകുന്ന പുഴ.
തീരത്തു നിന്ന പൂമരത്തെ.
ആദ്യമൊന്നും കണ്ടില്ല...

ഒരു മഞ്ഞുകാലത്ത്,

സന്ധ്യാ ദേവിയുടെ
നിലവിളക്ക് തെളിഞ്ഞ നേരം.....
പുഴയൊരു കിന്നാരം ചൊല്ലി..
പൂമരമൊന്നു പുഞ്ചിരിച്ചു...

പിന്നെയെപ്പൊഴൊ പുഴ ചോദിച്ചു..

"നിന്നെയെനിക്കു തരുമൊ??"

"ഞാനെന്‍റെ സ്വന്തമല്ല"
പൂമരം പറഞ്ഞു.........

എങ്കിലും

നാള്‍ ചെല്ലുംതോറും,
പൂമരം പുഴയിലേക്ക് ചാഞ്ഞുവന്നു.
പുഴയും നിറഞ്ഞൊഴുകി........

ഒരു വര്‍ഷകാലത്ത്,

പൂമരത്തിനൊരു ചുംബനവും നല്‍കി
പുഴ വേഗത്തിലൊഴുകി......

തീരത്ത് തളയ്ക്കപ്പെട്ട
വേരുകളെയോര്‍ത്ത് പൂമരം നീറി...

ചെന്നെത്തേണ്ട
ദൂരമോര്‍ത്ത് പുഴയും.......

വീണ്ടും..
ഒരു കോടാലി തുമ്പും കാത്ത്
പൂമരം വെറുതേ നിന്നു...............


ഷെബി ഒരു മഴതുള്ളി...

Thursday, June 17, 2010

....പറയാന്‍ ബാക്കി വെച്ച മയില്‍‌പീലി....
"ആകാശം കാണാതെ പുസ്തകത്തില്‍ ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"
എന്ന് പറഞ്ഞ് കുഞ്ഞുനാളില്‍
ആ മയില്‍പീലി തന്നത് അവളായിരുന്നു..
നല്ല ചന്തമായിരുന്നു.....
അവളുടെ കണ്ണുകള്‍ പോലെ
കുഞ്ഞു മുഖം പോലെ മൃദുലവും..
ആകാശം കാണാതെ
പീലിയറിയാതെ
എന്നും എന്റെ കണ്ണുകള്‍ പുസ്തകതാളില്‍ ..
അക്ഷരങ്ങള്‍ ചിതറിയ താളുകളില്‍
പീലിക്കൊപ്പം ഒരു മക്കളെയും കണ്ടില്ല...


പിന്നീടെപ്പോഴോ
പീലി തന്നവള്‍ പറഞ്ഞു
"നീ എണ്ണിക്കോ ഞാന്‍ ഒളിക്കാം "
ഞാന്‍ അക്കങ്ങളില്‍ ഒളിച്ചു
അവള്‍ മേഘങ്ങള്‍കിടയിലും
അക്കങ്ങളെല്ലാം എണ്ണി തീര്‍ന്നു
അവള്‍ വന്നില്ല .
പക്ഷെ
താഴെ
വീണുടഞ്ഞ വളപൊട്ടുകളില്‍
വിരഹം തീര്‍ത്തൊരു
വിളറിയ ചിത്രം ഞാന്‍ കണ്ടു

ഇന്നും എന്റെ കണ്ണുകള്‍
പുസ്തകതാളിലേക്ക് ........
പീലി ഇനിയും പ്രസവിച്ചില്ല


പീലി തന്നവള്‍
മേഘങ്ങളിലിരുന്നു ചിരിക്കുന്നു
"പീലി പ്രസവിക്കില്ലെടാ മണ്ടൂസേ "
എന്ന് ചൊല്ലി മിഴികള്‍ തുടയ്ക്കുന്നു
ബാല്യം നഷ്ടമായ
കുഞ്ഞു കണ്ണുകളില്‍
അമ്മയുടെ രക്തം വറ്റിയ മുഖം
പിച്ചവെച്ചു നടന്ന അച്ചന്റെ വിരല്‍ തുമ്പും..
കരിമഷി മറന്ന മിഴികള്‍ വിതുമ്പുന്നു

ആ ഒഴുക്കിനെ തടയാന്‍
ഒരു കടലിനും കഴിഞ്ഞില്ല ..
ഹൃദയം തകര്‍ന്ന കണ്ണുകള്‍
ചോരയെ പ്രസവിച്ചു..


രാത്രിയുടെ ഭാരങ്ങളില്‍ എല്ലാ ജീവികളും
മയക്കത്തിന്റെ പ്രേതത്തെ തേടുമ്പോള്‍
അവള്മാത്രം
മേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്‍
മഴനൂലുകള്‍ നെയ്യുകയായിരുന്നു ...........


ഇന്നലെ സന്ധ്യക്ക്‌ പെയ്ത മഴയില്‍
എന്റെ നെഞ്ചില്‍ വീണു പൊള്ളിയത്‌
അവളുടെ കണ്ണുനീര്‍ ആയിരുന്നോ...?
ആ മഴയ്ക്ക്‌ അണിയാന്‍ ബാക്കിവെച്ച
കരിവളകളുടെ നിറമായിരുന്നോ...??
ആ മഴ സംഗീതത്തിനു താള മിട്ടത് നഷ്ടമായ
അവളുടെ കുഞ്ഞു മോഹങ്ങളോ...??
മണ്ണിലെ നഷ്ടതീര്‍ത്ഥങ്ങളിലെയ്ക്ക്
അമ്മയുടെ മാറിടത്തിലേയ്ക്ക്
ആ മഴ ആര്‍ത്തലച്ചു പെയ്യുകയാണ് ...


ഷെബി...ഒരു മഴതുള്ളി .....സമര്പണം
വിടരും മുന്‍പേ കൊഴിഞ്ഞു പോയ എല്ലാ കുഞ്ഞനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും