Tuesday, June 18, 2013

.പുലഭ്യം ..


..പുലഭ്യം ..

ഇരുട്ടിലിരുന്നാണ് ഞാനെന്‍റെ
രാത്രിയും പകലും
വരച്ചുതീര്‍ത്തത്.
രാത്രിയെ നെടുകെ ഛേദിച്ചും
പകലിനെ തുപ്പലം കൂട്ടി മായ്ച്ചും
നിന്‍റെ ഓര്‍മ്മകളെ
കല്ലിലടിച്ചുകൊന്നും
ഞാനെന്‍റെ സ്വബോധത്തെ തൂക്കിലേറ്റി...
ഇനിയെനിക്ക് ,
നിങ്ങളെയെല്ലാം പുലഭ്യം പറയാം,
എന്നെ കല്ലെറിയൂ,
ഞാന്‍ ചിരിച്ചോളാം,
എനിക്ക് ഭക്ഷണം തരൂ
ഞാന്‍ തട്ടികളഞ്ഞൊളാം
ഒരു ചങ്ങല തന്നുനോകൂ
കാലിലിട്ട് ഇരുട്ടിനെ മെരുക്കുന്നതുകാണാം .
അതിനു മുന്‍പ്
ഒരു പുലഭ്യം കൂടി പറഞ്ഞോട്ടെ?
“എടീ കുരുത്തംകെട്ടവളേ,
ഇരുട്ട് നിറച്ച പാല്‍കുപ്പി
എന്‍റെ വായില്‍ തിരുകി
തിടുക്കത്തിലോടിമറയാന്‍
ആറടിമണ്ണിലെന്താ
വായുഗുളിക ഇരിപ്പുണ്ടോ???.”

ഷെബി ഒരു മഴതുള്ളി





Tuesday, May 21, 2013

ചുവപ്പു മഷി


ഞാന്‍
തല തെറിച്ചൊരു വാക്ക്
എന്നെ എഴുതിതീര്‍ക്കാന്‍
എനിക്കൊരു
കടലാസ് വേണം

വക്കുപൊട്ടിയ മഷികുപ്പി നിറയെ
എന്‍റെ കട്ടകുത്തിയ ചോരയില്‍
നിന്‍റെ കണ്ണുനീര്‍ ചാലിച്ചുനേര്‍പ്പിച്ച
ചുവപ്പുമഷി വേണം.

പരുക്കനായ
എന്നെ എഴുതി തുടങ്ങാന്‍
മുനയൊടിയാത്തൊരു
മഷിപേന വേണം

എത്ര എഴുതിയിട്ടും
തീരാത്ത സമസ്യപോലെ
ഓരോ വരികളിലും
നിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞു
നില്‍ക്കുന്നതെന്താണുപെണ്ണേ ?

ഏയ് കൂട്ടുകാരാ
ആ റബറിങ്ങ് തായോ
അടിമുതല്‍ മുടിവരെ
ഞാനെന്നെ മായ്ചു കളയട്ടെ ..!!

ഷെബി ഒരു മഴതുള്ളി


Tuesday, April 9, 2013

കടലാസുപട്ടങ്ങള്‍

















കടലാസുപട്ടങ്ങള്‍

ഞാന്‍ കണ്ണടച്ചപ്പോള്‍ ,

ഒരു കൈയ്യില്‍ ചരടും
മറുകൈയ്യില്‍ പട്ടവുമായി
കുട്ടി മുറ്റത്ത് നില്ക്കുന്നു.
തുറന്ന ആകാശത്തെ
മോഹിച്ച പട്ടം
കുട്ടിയോടുപറയുന്നു
“എനിക്ക് പറക്കണം”
“ഈ ചരടിന്‍റെ അറ്റത്ത് നീയെന്നില്‍
സുരക്ഷിതയാണ് നീ പറന്നുവരൂ.”
കുട്ടി പറയുന്നു!

പട്ടം പറന്നുയരുന്നു,പിന്നെ,
സ്വാതന്ത്ര്യത്തിന്‍റെ
മരുപച്ചകള്‍ക്കിടയിലൂടെ
കുട്ടിയുടെ കയ്യില്‍ നിന്നും
പട്ടം കുതറിയോടുന്നു
കുട്ടിയോ,
മുറ്റത്ത് മുഖം പൊത്തികരയുന്നു..

ഞാന്‍ കണ്ണു തുറന്നപ്പോള്‍ ,

ആകാശം നിറയെ
പക്ഷികള്‍ കൊത്തി കീറിപറിയുന്ന
കടലാസുപട്ടങ്ങള്‍ ..!!
മുറ്റത്തുനിറയെ,
മുഖം പൊത്തി കരയുന്ന കുട്ടികള്‍ ..!!

ഷെബി ഒരു മഴതുള്ളി.