Friday, July 22, 2011

പ്രണയപുഷ്പം


















നിനക്കും
എനിക്കുമിടയിലെ
ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍
ഞാനെന്‍റെ പ്രണയം ഒളിച്ചുവെച്ചു...

നിനക്കായ് വിരിഞ്ഞ
പനിനീര്‍ പൂക്കളെല്ലാം
ഇതളുകള്‍ പൊഴിച്ചു....

നിറം മങ്ങിയ
ഇതളുകള്‍ കൊണ്ട്
ഞാനെന്‍റെ പ്രണയത്തെ
അലങ്കരിച്ചു...

നിനക്കായ് കാത്തുവെച്ച
മഴയെല്ലാം
അനാഥമായ് പെയ്തൊഴിഞ്ഞു.

നീയോ,
ആകാശചെരുവില്‍
നിറം മങ്ങിയ മഴവില്ലായ്
കണ്ണീര്‍ പൊഴിക്കുന്നു....

ഞാനോ,
ഓരോ മഴയിലും
മൌനമായ് നിന്നെ തേടുന്നു...

എന്നിലെ പ്രകാശത്തെ
ഇരുട്ട് വിലപേശിയിരിക്കുന്നു
എനിക്ക് പോകാതെ വയ്യ
കാരണം,
വേര്‍പാടിന്‍റെ നാളുകളില്‍
വസന്തം പോലും
ശവം മണക്കുന്ന കാടാണ്...!!


ഷെബി ഒരു മഴതുള്ളി..

Monday, July 18, 2011

..മഴയില്‍ ഒരു ബസ്സ് യാത്ര....
























ശാന്തമായി പെയ്യുന്ന
മഴയില്‍ ഒരു യാത്ര..
ബസ്സിന്‍റെ തവിട്ടു കര്‍ട്ടനുകളെ
പറപ്പിക്കുന്ന കാറ്റ്...!
ദേഹത്ത് തെറിച്ചുവീഴുന്ന
മഴതുള്ളികള്‍..!
വഴിയിലേക്ക്
ചാഞ്ഞുനില്‍ക്കുന്ന
മരചില്ലകളുടെ എത്തിനോക്കല്‍...!
കൈയ്യെത്തിപിടിച്ച്
മഴ നനഞ്ഞ ചില്ലകളില്‍ പതിയെ ഒന്നു തലോടി...
അല്പം തുള്ളികള്‍ മുഖത്തേക്കും..,
ഹാ...എന്തൊരു സുഖം..!!!

വഴിയില്‍ ഒരു കൌമാരക്കാരി
കുട ചെരിച്ച്,
ഇടം കണ്ണിട്ട് ബസ്സിലേക്ക് നോക്കുന്നു..!
ബസ്സില്‍ കയറിയ
അവളുടെ നീളന്‍ മുടിയിഴകളില്‍ നിന്ന്
ഒരു മഴതുള്ളി
എന്നെ നോക്കി പ്രണയിക്കുന്നു...!!!
മനസ്സില്‍ നിര്‍ത്താതെ മഴപെയ്യുന്നു..
മഴ....നനുത്ത മഴ...

ബസ്സിനുള്ളില്‍
വിളറിയ വെളിച്ചം..
യാത്ര തുടരുകയാണ്...
മഴയും തുടരുകയാണ്........


ഷെബി ഒരു മഴതുള്ളി..

Sunday, July 17, 2011

ത്യാഗം...



















നീ ത്യജിച്ചിടത്ത്
ഞാന്‍ നില്‍ക്കുന്നു..
എന്നുള്ളില്‍,
നിനക്ക് തീ പിടിപ്പിക്കാം..
വിരഹത്തിന്‍റേയും
മരണത്തിന്‍റേയും ഇടവരമ്പില്‍,
വിഹ്വലമായ കുരിശുകളില്‍
എന്നെ തറയ്ക്കാം....
പക്ഷേ,
എന്‍റെ നിഴലിനെ നീ എന്തുചെയ്യും..?
നിന്‍റെ ആഴങ്ങളില്‍
വീണുടഞ്ഞ എന്‍റെ
മനസ്സിനെ നീ എന്തു ചെയ്യും..??


ഷെബി ഒരു മഴതുള്ളി..

Friday, July 15, 2011

...എന്നെ തൊടരുത്...

























അവളോട്
ഞാന്‍ പറഞ്ഞു,
നക്ഷത്രങ്ങള്‍
ഉറങ്ങാത്ത രാവുകളില്‍
സ്നേഹത്താല്‍
ജനല്‍ കടന്നെത്തി
എന്‍റെ മുറിവില്‍
തൊടരുത്..
എന്‍റെ മനസ്സില്‍
പ്രവേശിക്കരുത്...

പക്ഷെ....
മഴതുള്ളികള്‍
വീണു തണുക്കുന്ന
ഭൂമിയുടെ ധമനിയില്‍
മഴയില്‍ നനഞ്ഞ്,
മഞ്ഞ ദളങ്ങള്‍
ഉള്ളിലൊതുക്കി,
വിടരാന്‍ മടിച്ച് നിന്നപ്പോള്‍
അറിയാതെ
പറയാതെ
അവള്‍ വന്നു തൊട്ടു
ഞാനുണര്‍ന്നു........

എന്നില്‍ നിന്നും
ഒരു മഴതുള്ളി
അറിയാതെ
പറയാതെ
മണ്ണില്‍ വീണലിഞ്ഞു...!!

Tuesday, July 5, 2011

പേയിളകിയ ജന്മം..

























പേയിളകിയ ജന്മം..

ചിന്തകളില്‍
ഇന്നലേകളിലെ
വിശപ്പ് കടിച്ചുതിന്ന
ആമാശയം...

ആഴിയില്‍ ശരീരം
ഊരിവെച്ചവന്‍റെ
അലമുറ...

അഗ്നിയില്‍
കുളിച്ചൊരുങ്ങിയ
പെങ്ങളുടെ ചാരം....

മഴ
പകര്‍ന്നു നല്‍കിയ
പ്രണയത്തിന്‍റെ നോവ്....

മഴയില്‍
ഒഴുകിപോകുന്ന
ഗുല്‍മോഹര്‍ പൂക്കള്‍....

നിറം മങ്ങിയ
മനസ്സിന്‍റെ
വിളറിയ രോദനം....

ചിന്തകള്‍ക്ക്
പേയിളകുന്നു..

തെരുവിനു കല്ലെറിയാന്‍
നിന്നുകൊടുക്കാതെ,
അടുത്ത തിരയില്‍
മാഞ്ഞുപോകുന്ന
എന്‍റെ കാല്പാടുകള്‍
മാത്രം ബാക്കിയാക്കി

ഞാന്‍ പോകുകയാണ്
ആഴിയുടെ ആഴങ്ങളില്‍
ഉറങ്ങാന്‍...................



ഷെബി ഒരു മഴതുള്ളി..