ഇരുട്ടിലിരുന്നാണ് ഞാനെന്‍റെ
വരച്ചുതീര്‍ത്തത്.
Posted by ഷെബി ഒരു മഴതുള്ളി... at 4:59 AM 7 comments
Posted by ഷെബി ഒരു മഴതുള്ളി... at 8:35 AM 3 comments
Posted by ഷെബി ഒരു മഴതുള്ളി... at 10:54 AM 2 comments
Posted by ഷെബി ഒരു മഴതുള്ളി... at 9:47 AM 5 comments
Posted by ഷെബി ഒരു മഴതുള്ളി... at 9:14 AM 5 comments
Posted by ഷെബി ഒരു മഴതുള്ളി... at 9:18 AM 1 comments

ഞാനൊരു മുസല്‍മാന്‍
പക്ഷേ,
ഉമ്മറകോലായില്‍
സന്ധ്യാദീപം തെളിയുന്ന
ആ വീട്ടില്‍ എനിക്കൊരു അമ്മയുണ്ട്
അവര്‍ക്ക് ഞാനാരുമല്ലെങ്കിലും...
ഞാനൊരു മുസല്‍മാന്‍
പക്ഷേ,
അഞ്ചുനേരം നമസ്കരിച്ച്
മഗ് രിബിന് ഖുറാന്‍ ഓതുന്ന
ആ വീട്ടില്‍ എനിക്കൊരു ഉമ്മയുണ്ട്
അവര്‍ക്ക് ഞാനാരുമല്ലെങ്കിലും...
ഞാനൊരു മുസല്‍മാന്‍
പക്ഷേ,
ദിനവും കുരിശ്ശുവരച്ച്
മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന
ആ വീട്ടില്‍ എനിക്കൊരു അമ്മച്ചിയുണ്ട്
അവര്‍ക്ക് ഞാനാരുമല്ലെങ്കിലും...
കാരണം
അവരിലെല്ലാം
ഞാനെന്‍റെ ഉമ്മച്ചിയെ കാണുന്നു...!!
എല്ലാ സുഹ്രുത്തുക്കള്‍ക്കും കുടുംബത്തിനും ക്രിസ്തുമസ്സ് ആശംസകള്‍..!
ഷെബി ഒരു മഴതുള്ളി...!
Posted by ഷെബി ഒരു മഴതുള്ളി... at 12:50 PM 1 comments

ഒരു സന്ധ്യപോലെ എല്ലാ പ്രഭാതങ്ങളും
എന്നേ കടന്നുപോയി
ആകാശത്തിന്‍റെ തളര്‍ച്ചയില്‍
വിറച്ചുമങ്ങി വിരിയുന്ന
തണുത്ത പനിനീര്‍പൂക്കളില്‍
ശലഭങ്ങളുടെ ചിറകടികള്‍
ഇതളുകള്‍ കൊഴിക്കുമ്പോള്‍
ഞാന്‍ മനസ്സിലാക്കട്ടെ..
ഇന്നത്തെ പോലെ
എല്ലാ ദിനങ്ങളും നിശബ്ദമായിരിക്കും...!!
Posted by ഷെബി ഒരു മഴതുള്ളി... at 7:36 AM 0 comments

തനിച്ചുമാത്രം സാധ്യമാകുന്ന
ഒരു യാത്രയാണ് ഓര്‍മ്മ
ഏകാന്തമായൊരു വഴിത്താരയിലൂടെ
സ്വന്തമായ ലോകത്ത് തനിച്ചുള്ള യാത്ര...
വേദനയുടെ തുളവീണ ഹ്രുദയവുമായി
തുഴയില്ലാ വഞ്ചിയില്‍
ഓര്‍മ്മകളുടെ
നിലയില്ലാകയത്തില്‍ പെട്ട് ഉഴറുമ്പോള്‍
ഒരു പ്രകാശഗോപുരവും
എനിക്ക് കാണാനാവുന്നില്ല..
Posted by ഷെബി ഒരു മഴതുള്ളി... at 9:42 AM 0 comments

രാത്രിയുടെ വഴിയൊരുക്കി
എത്ര സന്ധ്യകള്‍ വന്നാലും..
എന്‍റെ മൂകമായ ദിനങ്ങളെ
പ്രണയിച്ചെത്ര രാത്രി കടന്നുപോയാലും..
കരിയിലകളെ നോക്കി
ചില്ലകളെത്ര കരഞ്ഞാലും..
എന്നിലെ കൂട് വെടിഞ്ഞ്
കിളികളെല്ലാം പറന്നകന്നാലും....
വെയില്‍ തിന്ന് ഞാന്‍
അഗ്നിയായാലും...
എന്‍റെ
അവസാന മിടിപ്പ് വരെ
ഞാനീ മണ്ണില്‍
നിനക്കായ് ആഴ് ന്നു നില്‍ക്കും....
എന്നിട്ടും
എന്തിനു നീ
കോടാലിതുമ്പ് മൂര്‍ച്ചകൂട്ടുന്നു...??
ഷെബി ഒരു മഴതുള്ളി..
Posted by ഷെബി ഒരു മഴതുള്ളി... at 9:50 AM 1 comments


പാളം തെറ്റിയ ജീവിതങ്ങള്‍.... (എന്‍റെ കുഞ്ഞു ചിന്തകള്‍)
ഇന്നലെ എന്‍റെ തീവണ്ടി യാത്രയില്‍ ഞാന്‍ കണ്ടൊരു അമ്മ...ഭ്രാന്തിയായ അമ്മ കാലില്‍ നിറയെ എന്നോ തേച്ച മഞ്ഞള്‍ കട്ടപിടിച്ച് കിടക്കുന്നു..അഴുക്ക് പിടിച്ച നഖങ്ങള്‍ നീണ്ടു വളര്‍ന്ന് കിടക്കുന്നു..ദുര്‍ഗന്ധം പരത്തുന്ന മുഷിഞ്ഞ വസ്ത്രം...ചിലപ്പോള്‍ തല താഴ്ത്തിയും ചിലപ്പോള്‍ പുറത്തേക്ക് നോക്കിയും ചിലപ്പോള്‍ നിലത്ത് നിരങ്ങിയും അവ്യക്തമായ നോവിന്‍ വേദനകള്‍ മായ്ച്ചു കളയാന്‍ നന്നേ പാടുപെടുന്ന പോലെ......എന്‍റെ ക്യാമറ കണ്ണുകള്‍ മിന്നിയപ്പോള്‍ തെല്ല് രൂക്ഷമായി അതിലും സൂക്ഷമായി അവരെന്നെ നോക്കി.. ഇവനും ഇനി എന്നെ ചൂഷണം ചെയ്യാന്‍ വന്ന സമൂഹത്തിന്‍റെ കണ്ണിയാണോ എന്നൊരു ഭാവത്തോടെ ഓര്‍മ്മകളിലെ ക്രൂരമായ മുഖങ്ങളില്‍ എന്നെ തിരയുന്ന പോലെ തോന്നി എനിക്ക്...!!
എങ്കിലും അവര്‍ക്കരികില്‍ വിപരീതദിശയില്‍ അവരെ നോക്കി നിന്നു...എന്നെ വീണ്ടും നോക്കിയാല്‍ എന്തേലും മിണ്ടാന്‍ കഴിഞ്ഞാല്‍ ഭക്ഷണമെങ്കിലും വാങ്ങികൊടുക്കാലോ എന്നു കരുതി...ഒരു ആണാണെങ്കില്‍ ധൈര്യമായി അടുത്തു ചെല്ലാം പക്ഷേ പെണ്ണായിപോയില്ലേ...ഒന്നിനും വയ്യാത്ത അവസ്ഥ..എന്നാലും അവരുടെ ഒരു നോട്ടത്തിനായി ഞാന്‍ കാത്തുനിന്നു.ഇച്ചിരികൂടെ അരികിലേക്ക് നീങ്ങി നിന്നു ഞാന്‍ എങ്ങിനെങ്കിലും കണ്ണില്‍ പെടട്ടെ എന്നുകരുതി.പക്ഷേ അവര്‍ എന്നെ നോക്കിയതേയില്ലാ...ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്കല്ലാതെ ബാക്കി എല്ലായിടവും നോക്കുന്നു....എനിക്കരികില്‍ മാത്രം തല കുനിച്ച് നില്‍ക്കുന്നു....ചുണ്ടുകള്‍ ഭ്രാന്തമായി പിറുപിറുക്കുന്നു...
അപ്പൊളേക്കും ആളുകള്‍ ഇച്ചിരി മാറിനിന്ന് എന്നെയും അവരേയും മാറി മാറി നോക്കുന്നു......”ഒറ്റകയ്യന്‍ ഗോവിന്ദചാമിയും അല്ലാത്ത ഞെരമ്പുരോഗികളും പൂങ്കാവനമാക്കിയ തീവണ്ടിയില്‍ ഇതേതാ മറ്റൊരു ചാമി?..ഒരു ഭ്രാന്തിയെ പോലും വെറുതെ വിടില്ലെന്നോ...”
അവരെന്ന സമൂഹം എന്നെ നോക്കി പറയുന്ന പോലെ തോന്നി...നല്ല അടി നാട്ടില്‍ കിട്ടാവുന്നതും കൊണ്ടും പല നാട്ടുകാരും പല സംസ്കാരക്കാരും ഒഴുകുന്ന തീവണ്ടിയിലെ സമിശ്ര അടി താങ്ങാനുള്ള ശക്തി ന്റ്റെ ശരീരത്തിനില്ലാത്തതുകൊണ്ടും...അവരുടെ ചിന്തകള്‍ അവര്‍ക്കും എന്‍റെചിന്തകള്‍ എനിക്കും വിട്ടുകൊണ്ട് ഞാന്‍ തിരികെ എന്‍റെ സീറ്റില്‍ ഇടം തേടി....
തീവിണ്ടിയിലെ ഫുഡ് കഴിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ യാത്രയില്‍ കഴിക്കാന്‍ വേണ്ടി കരുതിയിരുന്ന ഒരു പാക്കറ്റ് ഗുഡ് ഡേ ബിസ്കറ്റ് കയ്യിലെടുത്ത് കഴിക്കാന്‍ നേരം...ആ അമ്മയുടെ ഒട്ടിയ വയറ് ഓര്‍മ്മയില്‍ തെളിഞ്ഞു...എനിക്ക് വിശപ്പുണ്ട് പക്ഷേ കഴിക്കാന്‍ തോന്നാത്ത അവസ്ഥ...”ബിസ്കറ്റ് കഴിച്ചാല്‍ കൊളസ്ട്രോള്‍ വരും “ എന്ന് മനസ്സിനെ സമാധാനിപ്പിച്ച് ബിസ്കറ്റ് പാകറ്റ് പുറത്തേക്ക് കളഞ്ഞു.....
ഭക്ഷണമില്ലാതെ ആ വിശപ്പിന്‍റെ വേദന അറിയാതെ ഒട്ടിയ വയറുമായ് പുലഭ്യം പറയാതെ പറഞ്ഞ് ഇഴഞ്ഞു നീങ്ങുന്ന അമ്മയുടെ കാഴ്ച ഒരു വശത്ത്... ഭക്ഷണസാധനം നശിപ്പിക്കരുതെന്ന സത്യം അറിയുമായിരുന്നിട്ടും വിശന്നിട്ടും ചില നോവിന്‍റെ പേരില്‍ ഭക്ഷണം വലിച്ചെറിഞ്ഞവന്‍ ഒരു വശത്ത്... ‘‘ഇതുപോലെ എത്ര ഭ്രാന്തികള്‍ ഭ്രാന്തന്മാര്‍..ഉത്തരേന്ത്യയില്‍ ഇതൊക്കെ സര്‍വ്വ സാധാരണ കാഴ്ചയാണെന്ന്“ പറഞ്ഞ് പുച്ചിച്ച് ചിരിച്ചും കളിച്ചും കഴിച്ചും അവരുടെ വേദനയില്‍ ഒതുങ്ങിയും ഒഴുകുന്ന സമൂഹം ഇതിനു നടുവിലൂടെ ഒഴുകുന്നു...ഞാനും അവരിലെ ഒരു കണ്ണിയാണെന്ന് തിരിച്ചറിയാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ലാ....
ആ അമ്മയുടെ ഭ്രാന്തമായ നോവുകളുടെ ആഴം തേടി എന്‍റെ ചിന്തകളും ഞാനും തിരുവനന്തപുരത്ത് തീവണ്ടിയിറങ്ങി...ചുണ്ടില്‍ തെറിവാക്ക് പുകയുന്നു... ഇനി ഞാനും ഭ്രാന്തനാണോ? എന്‍റെ ഉടുപ്പ് മണത്തുനോക്കി..ഇല്ലാ മുഷിയാന്‍ തുടങ്ങിയിട്ടില്ല......മുന്നില്‍ കാണുന്നവരെല്ലാം എന്നെ തുറിച്ചു നോക്കുന്ന പോലെ...എന്നെ പുലഭ്യം പറയുന്ന പോലെ...ഇനി അവരും ഭ്രാന്തരാണോ....അല്ല ഭ്രാന്തില്ലാത്തവര്‍ ആരാ അല്ലേ.?? എനിക്കും സമൂഹത്തിനും ഭ്രാന്തിളകിയിരിക്കുന്നു......
എന്നെ കണ്ടതും കൂട്ടുകാരന്‍ ദാസ്..
ഭായ് എത്തിയോ..പെരുന്നാള്‍ കഴിഞ്ഞു...ഓണം കഴിഞ്ഞു...ചിലവുണ്ടേ....
വൈകിയിട്ടെന്താ പരിപാടി....!!!
ഷെബി ഒരു മഴതുള്ളി...
Posted by ഷെബി ഒരു മഴതുള്ളി... at 3:18 AM 4 comments

നിനക്കും
എനിക്കുമിടയിലെ
ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍
ഞാനെന്‍റെ പ്രണയം ഒളിച്ചുവെച്ചു...
നിനക്കായ് വിരിഞ്ഞ
പനിനീര്‍ പൂക്കളെല്ലാം
ഇതളുകള്‍ പൊഴിച്ചു....
നിറം മങ്ങിയ
ഇതളുകള്‍ കൊണ്ട്
ഞാനെന്‍റെ പ്രണയത്തെ
അലങ്കരിച്ചു...
നിനക്കായ് കാത്തുവെച്ച
മഴയെല്ലാം
അനാഥമായ് പെയ്തൊഴിഞ്ഞു.
നീയോ,
ആകാശചെരുവില്‍
നിറം മങ്ങിയ മഴവില്ലായ്
കണ്ണീര്‍ പൊഴിക്കുന്നു....
ഞാനോ,
ഓരോ മഴയിലും
മൌനമായ് നിന്നെ തേടുന്നു...
എന്നിലെ പ്രകാശത്തെ
ഇരുട്ട് വിലപേശിയിരിക്കുന്നു
എനിക്ക് പോകാതെ വയ്യ
കാരണം,
വേര്‍പാടിന്‍റെ നാളുകളില്‍
വസന്തം പോലും
ശവം മണക്കുന്ന കാടാണ്...!!
ഷെബി ഒരു മഴതുള്ളി..
Posted by ഷെബി ഒരു മഴതുള്ളി... at 10:53 AM 1 comments

ശാന്തമായി പെയ്യുന്ന
മഴയില്‍ ഒരു യാത്ര..
ബസ്സിന്‍റെ തവിട്ടു കര്‍ട്ടനുകളെ
പറപ്പിക്കുന്ന കാറ്റ്...!
ദേഹത്ത് തെറിച്ചുവീഴുന്ന
മഴതുള്ളികള്‍..!
വഴിയിലേക്ക്
ചാഞ്ഞുനില്‍ക്കുന്ന
മരചില്ലകളുടെ എത്തിനോക്കല്‍...!
കൈയ്യെത്തിപിടിച്ച്
മഴ നനഞ്ഞ ചില്ലകളില്‍ പതിയെ ഒന്നു തലോടി...
അല്പം തുള്ളികള്‍ മുഖത്തേക്കും..,
ഹാ...എന്തൊരു സുഖം..!!!
വഴിയില്‍ ഒരു കൌമാരക്കാരി
കുട ചെരിച്ച്,
ഇടം കണ്ണിട്ട് ബസ്സിലേക്ക് നോക്കുന്നു..!
ബസ്സില്‍ കയറിയ
അവളുടെ നീളന്‍ മുടിയിഴകളില്‍ നിന്ന്
ഒരു മഴതുള്ളി
എന്നെ നോക്കി പ്രണയിക്കുന്നു...!!!
മനസ്സില്‍ നിര്‍ത്താതെ മഴപെയ്യുന്നു..
മഴ....നനുത്ത മഴ...
ബസ്സിനുള്ളില്‍
വിളറിയ വെളിച്ചം..
യാത്ര തുടരുകയാണ്...
മഴയും തുടരുകയാണ്........
ഷെബി ഒരു മഴതുള്ളി..
Posted by ഷെബി ഒരു മഴതുള്ളി... at 6:34 AM 3 comments

നീ ത്യജിച്ചിടത്ത്
ഞാന്‍ നില്‍ക്കുന്നു..
എന്നുള്ളില്‍,
നിനക്ക് തീ പിടിപ്പിക്കാം..
വിരഹത്തിന്‍റേയും
മരണത്തിന്‍റേയും ഇടവരമ്പില്‍,
വിഹ്വലമായ കുരിശുകളില്‍
എന്നെ തറയ്ക്കാം....
പക്ഷേ,
എന്‍റെ നിഴലിനെ നീ എന്തുചെയ്യും..?
നിന്‍റെ ആഴങ്ങളില്‍
വീണുടഞ്ഞ എന്‍റെ
മനസ്സിനെ നീ എന്തു ചെയ്യും..??
ഷെബി ഒരു മഴതുള്ളി..
Posted by ഷെബി ഒരു മഴതുള്ളി... at 7:43 AM 1 comments

അവളോട്
ഞാന്‍ പറഞ്ഞു,
നക്ഷത്രങ്ങള്‍
ഉറങ്ങാത്ത രാവുകളില്‍
സ്നേഹത്താല്‍
ജനല്‍ കടന്നെത്തി
എന്‍റെ മുറിവില്‍
തൊടരുത്..
എന്‍റെ മനസ്സില്‍
പ്രവേശിക്കരുത്...
പക്ഷെ....
മഴതുള്ളികള്‍
വീണു തണുക്കുന്ന
ഭൂമിയുടെ ധമനിയില്‍
മഴയില്‍ നനഞ്ഞ്,
മഞ്ഞ ദളങ്ങള്‍
ഉള്ളിലൊതുക്കി,
വിടരാന്‍ മടിച്ച് നിന്നപ്പോള്‍
അറിയാതെ
പറയാതെ
അവള്‍ വന്നു തൊട്ടു
ഞാനുണര്‍ന്നു........
എന്നില്‍ നിന്നും
ഒരു മഴതുള്ളി
അറിയാതെ
പറയാതെ
മണ്ണില്‍ വീണലിഞ്ഞു...!!
Posted by ഷെബി ഒരു മഴതുള്ളി... at 8:34 AM 2 comments

പേയിളകിയ ജന്മം..
ചിന്തകളില്‍
ഇന്നലേകളിലെ
വിശപ്പ് കടിച്ചുതിന്ന
ആമാശയം...
ആഴിയില്‍ ശരീരം
ഊരിവെച്ചവന്‍റെ
അലമുറ...
അഗ്നിയില്‍
കുളിച്ചൊരുങ്ങിയ
പെങ്ങളുടെ ചാരം....
മഴ
പകര്‍ന്നു നല്‍കിയ
പ്രണയത്തിന്‍റെ നോവ്....
മഴയില്‍
ഒഴുകിപോകുന്ന
ഗുല്‍മോഹര്‍ പൂക്കള്‍....
നിറം മങ്ങിയ
മനസ്സിന്‍റെ
വിളറിയ രോദനം....
ചിന്തകള്‍ക്ക്
പേയിളകുന്നു..
തെരുവിനു കല്ലെറിയാന്‍
നിന്നുകൊടുക്കാതെ,
അടുത്ത തിരയില്‍
മാഞ്ഞുപോകുന്ന
എന്‍റെ കാല്പാടുകള്‍
മാത്രം ബാക്കിയാക്കി
ഞാന്‍ പോകുകയാണ്
ആഴിയുടെ ആഴങ്ങളില്‍
ഉറങ്ങാന്‍...................
ഷെബി ഒരു മഴതുള്ളി..
Posted by ഷെബി ഒരു മഴതുള്ളി... at 10:44 AM 6 comments
പത്ത് അത്തങ്ങളുടെ
ദുരിത വൃത്തത്തിനു പുറത്ത്
പൊന്നൊണം വന്നുനിന്നു.
മകളുടെ കുഞ്ഞുകാതില്‍
ഓണസമ്മാനമായി
പച്ചീര്‍ക്കില്‍ തിരുകിയും
പകരം പണയകടയുടെ ലോക്കറില്‍
കമ്മലണിയിച്ചുമാണ്
കഴിഞ്ഞ ഓണത്തിന്‍റെ
ദുരിതവൃത്തങ്ങള്‍ അയാള്‍ വൃത്തിയാക്കിയത്.
ഈ പൊന്നൊണത്തിന്
പണയശാലയിലെ ക്യൂവില്‍
അയാള്‍ കണ്ണിയായത്
കൈയില്‍ കെട്ടുതാലിയുമായാണ്.
ക്യൂവില്‍ നില്‍ക്കുമ്പൊള്‍
മംഗല്യസൂത്രം പണയപ്പെടുത്തിയ
ചില ഭാഗ്യവാന്മാര്‍
"സ്വര്‍ണ്ണമയൂഖ"ങ്ങളായി
കാറില്‍ മടങ്ങിപോകുന്നതു കണ്ടു.
പണയപണത്തില്‍ നിന്നും
മുക്കുപണ്ടവും വാങ്ങി
വീട്ടിലെത്തുമ്പൊഴേക്കും
പണ്ടേ ഭാര്യയില്‍ കണ്ണുണ്ടായിരുന്ന
പഴയ കഴുക്കോല്‍
ഒരിക്കലും പണയപെടുത്തില്ല എന്ന വാക്കോടെ
അവളുടെ കഴുത്തില്‍
കെട്ടുതാലിമുറുക്കികഴിഞ്ഞിരുന്നു.
പൊന്നോണം വീണ്ടും വന്നു
കൈയില്‍ "മുക്കുപണ്ട"വുമായി
പണയകടയുടെ ക്യൂവില്‍
അയാള്‍ ഒരു കണ്ണിയാണ്.
പത്ത് അത്തങ്ങളുടെ
ദുരിത വൃത്തത്തിനുള്ളിലായ
പൊന്നോണം പോലെ
ഒരിക്കലും പുറത്തുവരാനാകാതെ....!!
ഷെബി ഒരു മഴതുള്ളി...
Posted by ഷെബി ഒരു മഴതുള്ളി... at 8:50 AM 7 comments
ഒരു മഴക്കാലത്തിനു തുടക്കം..........
അന്തരീക്ഷം മുഴുവന്‍ കാര്‍മേഘങ്ങള്‍ ......തണുത്ത കാറ്റില്‍ മുറ്റത്തെ മരങ്ങളില്‍നിന്നു കൊഴിഞ്ഞ ഇലകള്‍ അപ്പൂപ്പന്‍ താടി പോലെ താഴോട്ട്......മഴ പെയ്യുകയാണ്......
പുതുമണ്ണിന്‍റെ ഗന്ധം എന്‍റെ ഹൃദയം നിറയെ ശ്വസിച്ചു.....ദൂരെ മഴയിരമ്പുന്ന ശബ്ദം കേള്‍ക്കുന്നു....മുറ്റത്തുവീഴുന്ന മഴതുള്ളികള്‍ കുമിളകളായി ചിതറിതെറിക്കുന്നു..തൊടിയിലെ പൂക്കള്‍ നാണത്തോടെ മഴയെ പുണര്‍ന്നു നില്‍ക്കുന്നു...
എങ്ങും മഴതന്നെ മഴ............സര്‍വത്ര മഴ......പാടത്തെ മുളപ്പൊട്ടിയ പുല്ലുകള്‍ക്കിടയില്‍ എവിടെയൊ ഇരുന്ന് പോക്രാചി തവളകള്‍ അവയുടെ സന്തോഷം അറിയിച്ചുതുടങ്ങി.....ചിവീടുകളുടെയും കുളക്കോഴികളുടെയും ആര്‍പ്പുവിളികള്‍ തുരുംബിച ജനല്‍ വഴികളിലൂടെ എന്‍റെ കാതുകളില്‍.........
മഴ ഭൂമിയെ പ്രണയിച്ചു തുടങ്ങി, ഞാന്‍ മഴയെയും.....തുളവീണ എന്‍റെ കുടയിലൂടെ മഴത്തുള്ളികള്‍ ശരീരത്തിലൂടെ എന്‍ ഹൃദയത്തിനോടു സ്വകാര്യം പറഞ്ഞ് പാദങ്ങളെ ഉമ്മ വെച്ച് നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു....
ആരൊ പറഞ്ഞുകേട്ട വാക്ക് എന്‍റെ ഓര്‍മ്മയില്‍!!:..
" ആത്മാക്കളുടെ സംഗീതമാണു മഴ"......
ആ സംഗീതത്തിനനുസരിച്ച് എന്‍റെ നഗ്നമായ പാദങ്ങള്‍ മഴവെള്ളത്തില്‍ താളം തട്ടി അലസമായി നടന്നു നീങ്ങുന്നു...... വഴിയരികിലെ ഉന്തുവണ്ടിയില്‍ നിന്നും മൂന്നു രൂപ കടല പൊതിയും വാങ്ങി നടന്നു. നനഞ്ഞു കുതിര്‍ന്ന കടലാസുപൊതി പതിയെ മാറ്റി അല്‍പ്പം ചൂടുകടല വായിലേക്ക് .... എതിര്‍ദിശയില്‍ സ്കൂള്‍ ബസ്സില്‍ കുട്ടികള്‍ ഭാവിയിലെ യന്ത്രമനുഷ്യരാകാന്‍ സ്കൂളിലേക്ക്...തിരക്കിട്ടുപോകുന്നു...................
എനിക്കപ്പോള്‍ എന്‍റെ കുട്ടികാലം ഓര്‍മ്മയില്‍ തെളിഞ്ഞു...... ഓടിച്ചെന്ന് വഴിയിലെ ചെളിവെള്ളത്തില്‍ കാലുകൊണ്ട് പടക്കം പൊട്ടിച്ച് രസിച്ചു.... മേലാകെ ചെളിവെള്ളം.... എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.. കൊച്ചുകുട്ടിയെ പോലെ ഉറക്കെ ചിരിച്ചു. ചിരിച്ചുകൊണ്ടേ നടന്നു വര്‍ത്തമാനത്തില്‍ നിന്നും ഭൂതത്തിലേക്ക്.....................
ഇവിടെ ഞാനിപ്പോള്‍ കൊച്ചു കുട്ടിയാണ്. അബൂബക്കറിനും ഐഷയ്ക്കും ജനിച്ച 5 മക്കളില്‍ ഇളയവന്‍, പേര് ഷെബി..ചുരുണ്ട മുടി....ദാരിദ്ര്യം കോറിവരച്ച ശരീരം.......ഞങ്ങളുടെ ജീവിതത്തില്‍ ദാരിദ്ര്യം ഒരു അതിഥി ആയിരുന്നില്ല, മറിച്ച് ഒരു സ്ഥിരതാമസക്കാരനായിരുന്നു. ദാരിദ്ര്യം കുടുംബനാഥനായപ്പോള്‍ പാവം ഉപ്പയ്ക്ക് നാടുവിടേണ്ടി വന്നു..
ഉമ്മയുടെ കണ്ണുനീര്‍ വറ്റുന്നതു ഞാന്‍ കണ്ടിട്ടേയില്ല.കണ്ണുനീരിന് ഉപ്പുരസമാനെന്നു ആദൃമായി തിരിച്ചറിഞ്ഞതും കണ്ണുനീരില്‍ കുതിര്‍ന്ന ആ മുഖത്ത് ഉമ്മ വെച്ചപ്പോഴാണ്.എല്ലാവരുടെയും കുഞ്ഞനുജനായതുകൊണ്ട് എന്നോട് വലിയ വാല്‍സല്യമായിരുന്നു. അതുകൊണ്ടു തന്നെ ഒരു കൊച്ചു കുറുമ്പനുമായിരുന്നു. എന്നാല്‍ എത്ര വിക്രൃതി കാണിച്ചാലും എന്‍റെ ഉടുപ്പിനോട് എനിക്ക് വലിയ ശ്രദ്ധയായിരുന്നു.കാരണം സ്ക്കൂളില്‍ പോകാന്‍ ഒരു ജോടി ഉടുപ്പുമാത്രമെ ഉണ്ടായിരുന്നുള്ളൂ....ട്രൗസറാണെങ്കില്‍ മൂട് കീറിത്തുടങ്ങി.....ഇടക്കിടയ്ക്ക് ശക്തമായ കാറ്റ് കീറിയ മൂടിലൂടെ ശരീരത്തിലേക്ക് ഇരച്ചുകയറിയപ്പോള്‍ അറിയാതെ പറയുമായിരുന്നു....:
" അയ്യേ... ഈ കാറ്റിന് ഒരു നാണവുമില്ല"
കാറ്റിന് ഒരു ബന്ധനങ്ങളും ഇല്ലെന്ന തിരിച്ചറിവുണ്ടായതും അന്നായിരുന്നു. അങ്ങിനെ ജീവിതം തിരിച്ചറിവാക്കി ഞാന്‍ വളര്‍ന്നു........
വീണ്ടും ഒരു മഴക്കാലം.......................
കുഞ്ഞുട്രൗസറും തോളില്‍ സ്ക്കൂള്‍ സഞ്ചിയും കൈയില്‍ തുന്നലുകള്‍ പൊട്ടിയ കുഞ്ഞുകുടയുമായി വഴിയില്‍ കാണുന്ന കിളികളോടും പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി..വഴിയൊരത്തെ ചെളിവെള്ളത്തില്‍ ചാടി പടക്കം പൊട്ടിച്ചും ഞാന്‍ എന്‍റെ സ്ക്കൂളിലേക്ക്..
സ്ക്കൂളിനോട് ചേര്‍ന്നുള്ള കാദര്‍ക്കയുടെ പെട്ടികടയില്‍ എത്തിയപ്പോള്‍ എന്‍റെ കാലുകള്‍ അറിയാതെ നിശ്ചലമായി.അവിടെ പിരിയുള്ള ചില്ലു ഭരണികളില്‍ നിറച്ചു മിഠായികളാണ്... കാരക്കാമിഠായി,കട്ടിമിഠായി, നാരങ്ങാമിഠായി,തേന്‍ നിലാവ്,ചുണ്ടു ചുവപ്പന്‍മിഠായി...ഇങ്ങിനെ പോകുന്നു ഭരണികളുടെ നിരകള്‍..പല വര്‍ണ്ണങ്ങളിലുള്ള മിഠായികള്‍ എന്‍റെ കുഞ്ഞുകണ്ണുകള്‍ക്ക് ആനന്ദകരവും കുഞ്ഞുവയറിന് ആവേശവുമായിരുന്നു........
ഉപ്പയൊട് ഞാന്‍ എന്നും കൊഞ്ചാറുണ്ടായിരുന്നു മിഠായിക്കുവേണ്ടി...പക്ഷേ കിട്ടാറില്ല, എങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ നോമ്പുപെരുന്നാളിനു ഞങ്ങള്‍ക്കു മിഠായി വാങ്ങിതരാറുണ്ടായിരുന്നു, വലിയപെരുന്നാളിനു ഉടുപ്പുകളും...
അല്ലെങ്കിലും വീട്ടിലെ പട്ടിണിയില്‍ മിഠായിക്കെന്തു പ്രസക്തി അല്ലേ......??
കൊതി മൂത്തപ്പോള്‍ കാദര്‍ക്കയുടെ മുന്നില്‍ കൈനീട്ടി:
"കാദര്‍ക്കാ എനിക്കൊരു മിഠായി തരൊ......"
തന്നില്ല, പിന്നേയും കെഞ്ചി:
" ഒരു മിഠായി താ കാദര്‍ക്കാ....
." തന്നില്ലെന്നു മാത്രമല്ല "ഇതു നിന്‍റെ തന്തയുടെ കടയാണോടാ" എന്നു പറഞ്ഞ് എനിക്കിട്ടൊരു തള്ളും ഒരുമിച്ചായിരുന്നു. എന്‍റെ കുഞ്ഞുമനസ്സ് ഇടറി. ഒന്നും മിണ്ടാതെ തലതാഴ്ത്തി വാടിയ മുഖവും കീറിയ മൂടുമായി ഞാന്‍ നടന്നു. പിന്നേയും ശക്തമായ കാറ്റ് മൂടിലൂടെ ഇരച്ചുകയറി.
" അയ്യേ... ഈ കാറ്റിന് ഒരു നാണവുമില്ല"..... പുഞ്ചിരിയാല്‍ വിടര്‍ന്ന എന്‍റെ നുണക്കുഴിയില്‍ എവിടെ നിന്നോ ഒരു മഴത്തുള്ളി തെറിച്ചു വീണു......
അപ്പോഴേക്കും തലയ്ക്കു മുകളില്‍ ഒരു വലിയ ബോര്‍ഡ് "പരുത്തിപ്ര എല്‍.പി. സ്കൂള്‍".
പിന്നെ ഒരൊട്ടമായിരുന്നു അകത്തേക്ക്. അവിടെ എന്നെയും കാത്ത് വലിയ ഒരു ഉങ്ങുമരം നില്‍ക്കുന്നുണ്ട്. നിറച്ച് ഉങ്ങുകായകളുള്ള "എന്‍റെ അപ്പൂപ്പന്‍ മരം"... ആവേശത്തോടെ ഉങ്ങുകായകള്‍ പെറുക്കി സഞ്ചിയിലും പോക്കറ്റിലും നിറച്ച് അപ്പൂപ്പന്‍ മരത്തിനൊരു ഉമ്മയും നല്‍കി നേരെ ക്ലാസിലേക്ക്................
സെഞ്ചിയില്‍ നിന്നും അരികുപ്പൊട്ടിയ സ്ലേറ്റും പെന്‍സിലും പിന്നെപലരീതിയില്‍ വെട്ടിയുണ്ടാക്കിയ കള്ളിചെടി കഷ്ണങ്ങളും (സ്ലേറ്റ് മായ്ക്കാനുള്ളത് ) പുറത്തെടുത്ത് ക്ലാസിലെ പ്രധാന അധ്യാപകനായ കോരന്‍ മാഷിനെ കാത്തിരുന്നു. ചുവരിലെ ബോര്‍ഡില്‍ തലേ ദിവസത്തെ കോരന്‍മാഷിന്‍റെ കൈയ്യക്ഷരം പാതി മാഞ്ഞു കിടക്കുന്നു...: " പാഠം 1 അമ്മ"....."
ക്ലാസിനു പുറത്ത് മഴത്തുള്ളികള്‍ ഒറ്റിവീഴുന്ന ശബ്ദം എന്‍റെ കാതുകളില്‍.....ചിന്തയുടെ വേരുകള്‍ എങ്ങൊട്ടൊക്കെയോ പടര്‍ന്നുകയറുന്നു.
രാജകുമാരിയെ കൊല്ലാന്‍ വരുന്ന ദുഷ്ടനായ ജിന്നിന്‍റെ കഥയും കേട്ട് ദ്രവിച്ചുവീഴാറായ മേല്‍ക്കൂരയിലൂടെ താഴോട്ട് പതിക്കുന്ന മഴത്തുള്ളികളെ നോക്കി ഉമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുന്നു..... ഉമ്മയുടെ വിളറിയ വിരലുകള്‍ എന്‍റെ തലയിലൂടെ ഒഴുകി നടക്കുന്നു... പെട്ടെന്നാണറിഞ്ഞത്, മഴത്തുള്ളികള്‍ക്കും ഉമ്മയുടെ കണ്ണുനീരിനും ഒരേനിറം....ഉമ്മയെ നൊക്കി അതിശയതോടെ പറഞ്ഞു...:
"ഉമ്മാ........ ദേ നോക്ക്യ മഴ കരയുന്നു .........."
'അത് വിഷമം കൊണ്ടാ മോനേ...എന്‍റെ പളുങ്ക് കരയണ്ടാട്ടോ"
'ഉം'
ഞാന്‍ തലയാട്ടി ഉമ്മയുടെ മടിയിലോട്ട് ചാഞ്ഞു. എന്‍റെ നുണക്കുഴിയില്‍ ഉമ്മയുടെ ചുടുകണ്ണീര്‍ നിറയുന്നു..
"അയ്യോ"...............ചിന്തകളെ ഭേദിച്ചുകൊണ്ട് കോരന്‍ മാഷിന്‍റെ ചൂരല്‍ പുറത്തുപതിഞ്ഞതും ഞാന്‍ പുളഞതും പെട്ടെന്നായിരുന്നു..... 'മുന്നില്‍ പത്തുതലയുള്ള രാവണനായി കോരന്‍ മാഷുടെ താണ്ഡവം', ഉമ്മ എനിക്കു പറഞ്ഞുതരാറുള്ള കഥകളിലെ ദുഷ്ടനായ ജിന്നിനെ പോലെ തോന്നി.....ഞാന്‍ ആലില പോലെ വിറയ്ക്കാന്‍ തുടങ്ങി , മാഷിന്‍റെ വക ശിക്ഷയും കിട്ടി. ബഞ്ചില്‍ കയറ്റിനിര്‍ത്തി "ഞാന്‍ കുഴിമടിയന്‍" എന്നു 100 തവണ പറയിപ്പിച്ചു. കുട്ടികളുടെ കൂട്ടചിരികള്‍ക്കിടയിലൂടെ എന്‍റെ ഇടറിയശബ്ദം അവിടമാകെ ചിതറി ത്തെറിച്ചു.. കൂട്ടചിരിയില്‍ ഈ കുഞ്ഞുമനസ്സിന്‍റെ നൊമ്പരം ആരുമറിഞ്ഞില്ല.................
ഉച്ചഭക്ഷണത്തിനുള്ള കൂട്ടമണി കേട്ടപ്പോളാണ് വയറിന്‍റെ വിശ്പ്പ് തിരിച്ചറിഞ്ഞത്. 'പൊടിയന്‍ മരത്തിന്‍റെ' ഇലയുമായി സ്കൂള്‍ കഞ്ഞിക്കുള്ള നീണ്ടവരിയില്‍ ചമ്രം പടിഞ്ഞിരുന്നു. ഭവാനിചേച്ചിയുടെ കരിവളയിട്ട കൈകള്‍ എന്‍റെ ഇലയില്‍ ഗൊതമ്പ് ഉപ്പുമാവ് പകര്‍ന്നു (അന്നൊക്കെ ഉച്ച ഭക്ഷണം ഗൊതമ്പ് ഉപ്പുമാവായിരുന്നു ) അതുമുഴുവനും ഞാന്‍ തിന്നുതീര്‍ത്തു. 'ലോകത്തെ എറ്റവും വിലകൂടിയതും രുചിയുള്ളതുമായ ഭക്ഷണമായിരുന്നു എനിക്കത്'. എല്ലാ കുട്ടികള്‍ക്കും കൊടുത്തശേഷം ബാക്കിയുള്ള ഉപ്പുമാവ് വീട്ടുകാര്‍ക്കു കൊടുക്കാന്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് എന്‍റെ കൈയില്‍ വെച്ചുതന്ന് ഭവാനിചേച്ചി എന്നും പറയും...:
" ടാ പളുങ്കേ....നന്നായി പഠിക്കണം ട്ടോ" എന്നിട്ട് നുണകുഴിയില്‍ ഒരു നുള്ളും.
എന്തോ..ഭവാനിചേച്ചിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു..... മക്കളില്ലത്തതു കൊണ്ടാകാം.....
ഉപ്പുമാവുപൊതി ഭദ്രമായി സഞ്ചിയില്‍ തിരുകി പോക്കറ്റില്‍ നിറച്ച ഉങ്ങുകായ്കളുമായി ഒരു പോരാളിയെ പോലെ കളിക്കളത്തിലേക്ക്......................
അപ്പൂപ്പന്‍ മരത്തിന്‍റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ താവളം. മണ്ണില്‍ ചതുരം വരച്ച് അതില്‍ പത്ത് ഉങ്ങുകായ്കള്‍ വീതം ഇടും. കൈയില്‍ പത്ത് കല്ലും കാണും. ഒരു നിശ്ചിത ദൂരത്തുനിന്ന് എറിഞ്ഞുകൊള്ളിക്കണം, ഏറു കൊള്ളുന്ന കായ്കളെല്ലാം എറിയുന്നവന് സ്വന്തം... ഗോലിക്കളി പോലെതന്നെ. ഗോലി വാങ്ങാന്‍ പൈസയില്ലാത്ത എന്നെപൊലുള്ളവര്‍ക്കു ഈ കായകളായിരുന്നു ആശ്വാസം. കൂടുതല്‍ കായ്കള്‍ സ്വന്തമാക്കുന്നവനാണ് ജേതാവ്. ഞങ്ങളുടെ വാശിയേറിയ 'ലോകക്കപ്പ്' കാണാന്‍ എല്ലാ കുട്ടികളും ചുറ്റും തടിചുകൂടുമായിരുന്നു. ഞാനായിരുന്നു എപ്പോഴും കളിയിലെ ജേതാവ്.
കൂടുതല്‍ കായ്കള്‍ സ്വന്തമാക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ഗമ ഒന്നു കാണേണ്ടതു തന്നെ. അതില്‍ അസൂയമൂത്ത ശ്രീകാന്ത് എന്ന സഹപാഠി എന്‍റെ മൂടുകീറിയ ട്രൗസറില്‍ പിടിച്ച് ഒറ്റ വലി......
കൈയിലെ ഉങ്ങുകായ്കള്‍ക്കൊപ്പം എന്‍റെ നാണവും പുറത്തേക്ക് ചാടി, ആണ്‍ക്കുട്ടികള്‍ കൂട്ടച്ചിരിയോടെ ആ ക്കാഴ്ച കണ്ടു രസിച്ചു. പെണ്‍ക്കുട്ടികള്‍ "അയ്യേ"..... എന്നു പറഞ്ഞ് മുഖം പൊത്തി ഓടിയകന്നു.. എങ്ങിനെയൊക്കെയൊ എന്‍റെ നാണം ഉള്ളിലേക്ക് തിരുകി കയറ്റിവെച്ചു. എന്നിലപ്പോഴുണ്ടായ വികാരം ഇവിടെ എനിക്ക് എഴുതാനറിയില്ല....ഇടാന്‍ വേറെ ട്രൗസറില്ല...കരച്ചില്‍, അപമാനം, ദേഷ്യം എല്ലാം ഒരുമിച്ചായിരുന്നു. ഞാന്‍ ഓടിചെന്ന് അവന്‍റെ നെഞ്ചില്‍ 'ഒറ്റ കടി' കടി വിട്ടപ്പോള്‍ അവന്‍റെ നെഞ്ചിലെ അല്‍പം മാംസം എന്‍റെ വായില്‍....അവന്‍ നിലവിളിക്കാന്‍ തുടങ്ങി. പെടിച്ചുവിറച്ചു. പിന്നെ എനിക്ക് ശിക്ഷകളുടെ പെരുമഴക്കാലമായിരുന്നു.
ഒരു കുറ്റവാളിയെപ്പോലെ എന്നെ ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപ്പോയി. സ്ഥലവും കാലവും നോക്കാതെ കുട്ടികളുടെ മുന്നിലിട്ട് മാഷിന്‍റെ ചൂരല്‍ കണക്കിനു പ്രഹരിച്ചുകൊണ്ടിരുന്നു.. ചന്തിയിലും തുടയിലും, മുതുകത്തും, കൈകളിലും കാലുകളിലും എല്ലാം....വേദനകൊണ്ട് ഞാന്‍ പൊലുമറിയാതെ മൂത്രം തുടയിലൂടെ താഴോട്ട് ഒഴുകിയിറങ്ങി. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. ശിക്ഷ കഴിഞ്ഞില്ല. സ്കൂളിലെ സ്റ്റേജില്‍ കയറ്റി നിര്‍ത്തി, എല്ലാവരോടുമായി
" ഞാന്‍ പേപ്പട്ടി "
എന്ന് പത്ത് തവണ വിളിച്ചുപറഞ്ഞു. സ്കൂള്‍ വിടുന്നതുവരെ സ്റ്റേജില്‍ നിര്‍ത്തിഎല്ലാവരും ക്ലസ്സുകളില്‍ കയറി. ഞാന്‍ ഉറക്കെ കരഞ്ഞു. എന്നെ തോല്‍പ്പിച്ചുകൊണ്ട് മഴയും കരയുന്നു, മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന എന്‍റെ അപ്പൂപ്പന്‍ മരവും എനിക്കുവേണ്ടി കരയുന്നുണ്ടായിരുന്നു.....
"ഉമ്മാ........ ദേ നോക്ക്യ ഞങ്ങള്‍ കരയുന്നു ട്ടോ....."
എന്‍റെ പിഞ്ചുമനസ്സ് തേങ്ങി. കീറിപറിഞ്ഞ ട്രൗസറിലൂടെ തണുത്ത കാറ്റ് എന്‍റെ മുറിവുകളെ തഴുകിയപ്പോള്‍ ഒരു നാണവും തോന്നിയില്ല. നല്ല സുഖമായിരുന്നു. നാണം തോന്നാത്ത അവസരങ്ങളും മനുഷ്യരില്‍ ഉണ്ടാവുമെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
അപ്പൂപ്പന്‍ മരത്തിന് ഒരു ഉമ്മയും കൊടുത്ത് തോളില്‍ സഞ്ചിയും പൊത്തിപ്പിടിച്ച ട്രൗസറുമായി വീട്ടിലോട്ട് വേച്ചു വേച്ചു നടന്നു. അവിടെ എന്നെയും കാത്ത് ശ്രീകാന്തും അമ്മയും പിന്നെ എന്‍റെ ഉമ്മയും. ഒന്നും ചോദിക്കാന്‍ പോലും നില്‍ക്കാതെ കയ്യില്‍ കിട്ടിയ വടിയെടുത്ത് ഉമ്മ എന്നെ പൊതിരെ തല്ലി. ഞാന്‍ കരഞ്ഞില്ല എന്‍റെ കണ്ണുനീരെല്ലാം വറ്റിപ്പോയിരുന്നു. വടിക്ക് നല്ലൊരു ഇരയെ കിട്ടിയ സന്തോഷമായിരുന്നു..നാണം പുറത്തുചാടി മൂത്രമൊഴിക്കാന്‍ തുടങ്ങിയപ്പോഴാണ് കീറിപറിഞ്ഞ ട്രൗസറിലൂടെ എന്‍റെ നഗ്നത കണ്ടത്. അത് താങ്ങാന്‍ ആ പാവത്തിന് കഴിഞ്ഞില്ല. പൊട്ടികരയാന്‍ തുടങ്ങി. അത് കണ്ടുനില്‍ക്കാന്‍ എനിക്കും കഴിഞില്ല.. ഉമ്മ എന്നെ കോരിയെടുത്ത് കൊണ്ടുപൊകുന്നത് മാത്രം ഞാന്‍ അറിയുന്നുണ്ടായിരുന്നു.....
ബോധം വന്നപ്പോള്‍ നിലത്തെ പായില്‍ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. ഒരിക്കലും വറ്റാത്ത സ്നെഹത്തിന്‍റെ ഉറവ മുഴുവന്‍ നല്‍കി എന്നെ സന്തോഷിപ്പിക്കുന്നു....തെറ്റുകള്‍ മനസ്സിലാക്കി തന്ന് എന്‍റെ മനസ്സിലെ കറകള്‍ മായ്ച്ചുകൊണ്ടേയിരിക്കുന്നു.
"ഇനി ഒരിക്കലും ഈ പളുങ്ക് തെറ്റ് ചെയ്യില്ലുമ്മാ......." ആ കണ്ണുകള്‍ തുടച്ച് ആ കവിളില്‍ കുറേ പളുങ്കുമുത്തങ്ങള്‍ നല്‍കിയതും എന്നെ വാരിപ്പുണര്‍ന്ന് ഉമ്മയുടെ അധരങ്ങള്‍ എന്‍റെ കവിളിലും ചുണ്ടിലും, കണ്ണിലും നെറ്റിയിലും,തലയിലും നുണകുഴികളിലും മഴയായി പെയ്തിറങ്ങി.........................
ഉമ്മയുടെ കാല്‍ചുവട്ടിലാണ് സ്വര്‍ഗ്ഗമെന്നും ഉമ്മയുടെ അടി ഒരു പാഠമാണെന്ന തിരിച്ചറിവുണ്ടായതും അന്നാണ്....
പൊട്ടിയ സ്ലേറ്റ് എടുത്തുവെച്ച് ഞാന്‍ എഴുതി.....
"പാഠം ഒന്ന് ഉമ്മയുടെ അടി"
കടലാസുപൊതിയില്‍ അവസാനത്തെ കടലയും കഴിഞ്ഞപ്പോഴാണ് ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തിലെത്തിയെന്ന് മനസ്സിലായത്.
ശ്രീകാന്ത് ഇന്ന് 'കല്ലന്‍ ഷാജി' എന്നാണ് അറിയപ്പെടുന്നത്. നാട്ടിലെ പ്രധാന റൗഡി.
"എന്തേ അവന്‍റെ അമമ അവനെ അടിക്കാന്‍ മറന്നുവോ...???"
"അതോ അമമയുടെ അടി അവന് തിരിച്ചറിവായില്ലയോ...???"
ഈ ചോദ്യങ്ങള്‍ സമൂഹത്തിന് വിട്ട് കൊടുത്ത് എന്‍റെ ജീവിത വേഷങ്ങളുമായി ഞാന്‍ ഓടുകയാണ്.... "ഭൂതത്തില്‍ നിന്നും ഭാവിയിലേക്ക്........ജന്മത്തില്‍ നിന്നും ചരമത്തിലേക്ക്.....ഗര്‍ഭത്തില്‍ നിന്നും ചിതയിലേക്ക്.............................................................."
ഇപ്പോഴും മഴ കരയുന്നുണ്ട്.........
ഉമ്മാ........ ദേ നോക്ക്യ മഴ കരയുന്നുട്ടോ..................
തുടരും.....അടുത്തഭാഗം “ഉമ്മയുടെ കണ്ണുനീര്‍ അടവുകള്‍“
ഷെബി ഒരു മഴതുള്ളി...
Posted by ഷെബി ഒരു മഴതുള്ളി... at 9:22 AM 6 comments
ഇത് ബിരുദധാരികളുടെ ലോകം
ഇന്നലെ റെയില്‍പാളത്തില്‍ കിടന്നത്
ഒരു മനശാസ്ത്രജ്ഞന്റെ തലയായിരുന്നു
ദിശകള്‍ തെറ്റി കുഴഞ്ഞു വീണത്
ബിരുദം ധരിച്ച പോലീസായിരുന്നു !
പതിമൂന്നുകാരി പൂവിന്
പാവാട നഷ്ടമായത്
ഗുരുവിന്റെ പഠന കൌതുകം മൂലമാണത്രേ ..!
ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ
പ്രത്യേക റിപ്പോര്ട്ടിങ്ങിലൂടെ
ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനാണ്
ലഹരി ഉപയോഗിച്ചിന്നലെ അന്ധനായത് ..!
കമ്പ്യൂട്ടറിന്റെ മായാലോകത്ത്
കൂപ്പുകുത്തിപ്പോയ സുഹൃത്ത്
ഒരു വെബ്‌സൈറ്റിലും തിരിച്ചുവന്നില്ല....!
എല്ല് മുറിയുവോളം
മനസ്സ് കുഴയുവോളം പണിയെടുത്താല്‍
ആര്‍ക്കും ഒന്നും നേടാനാവില്ല ഇക്കാലത്ത്
എന്നാണു മൂന്നാം ക്ലാസ് തോറ്റ മുതലാളി
ടി.വി യില്‍ പറഞ്ഞത് ...!
അപ്പോള്‍ ബിരുദം തരുന്നത് എന്താണ്...?
തപിച്ചുരുകുന്ന ഭൂമിക്ക് മഴപുതപ്പോ ..?
രോഗിയായ അച്ഛന് ജീവന്‍ മരുന്നോ ?
അനുജത്തിയുടെ തീ നെഞ്ചിനു തണുപ്പോ..?
അമ്മയുടെ വേവലാതി കടലിനു ശാന്തിയോ..?
നാട് ഭീതിയില്‍പ്പെട്ടിരിക്കുമ്പോള്‍
തലകുഴങ്ങി ബിരുദം പെട്ടിയില്‍കിടക്കുന്നു
ഉപ്പുവെള്ളവും കയറിയ പനി മണ്ണില്‍
മഴകാത്തവന്‍ അഴുകി കിടക്കുന്നു.
മരുന്നില്ലാതച്ചന്റെ ജീവന്‍ പിണങ്ങി പിരിഞ്ഞു .
തീ മുറി പൂട്ടിയ അനുജത്തിക്ക്
ചാരമായ് പുനര്‍ജ്ജന്മം കിട്ടി.
അമ്മ പാടം പോലെ
വിണ്ടുണങ്ങിയങ്ങിനെ....................
ഷെബി ഒരു മഴതുള്ളി...
Posted by ഷെബി ഒരു മഴതുള്ളി... at 10:51 AM 9 comments

ഞാന്‍ ചിരിക്കുകയല്ല..
ഇതെന്‍റെ പുഞ്ചിയുമല്ല....
ഞാന്‍ കരയുകയല്ല...
ഇതെന്‍റെ കണ്ണീരുമല്ല...
ഈ മഴതുള്ളികള്‍ അന്നുതൊട്ടിന്നുവരെ
എന്നെ പുല്‍കാറുണ്ട്,
കാമം കൊണ്ടല്ല,
സ്നെഹം കൊണ്ട്.
ഇന്നലെ എന്നില്‍ നിറയെ ചായങ്ങളായിരുന്നു..
മുഖം മൂടിയിട്ട നിഴലുകള്‍,
എന്നിലെ ചായങ്ങള്‍ ഊരിയെടുത്തപ്പോഴും
ഈ തുള്ളികള്‍ ഒരു കുപ്പായമായ് എന്നിലൂടെ ഒഴുകിയിറങ്ങി
എന്‍റെ നഗ്നതയെ മറച്ചിരുന്നു.....
എന്‍റെ കണ്ണുകളിലെ കൃഷ്ണമണിയെ തിരഞ്ഞിരുന്നു......
മുറ്റത്തുവീണ തേങ്ങലില്‍ ഉപ്പ് തിരഞ്ഞിരുന്നു.....
അടര്‍ന്നുവീഴുന്ന എന്നിലെ
സ്വപ്നങ്ങളുടെ തൂവല്‍ തുണ്ടുകള്‍ എണ്ണിയെണ്ണി,
എന്‍റെ കണ്ണുനീര്‍ കുഴഞ്ഞുവീണപ്പൊഴും
എന്‍ കണ്‍പീലികളില്‍
നിറകുടമായ് വിതുമ്പി നിന്നതും ഈ തുള്ളികള്‍ തന്നെ......
ഞങ്ങള്‍ മരിക്കുകയല്ല,
പ്രണയിക്കുകയാണ്.......
രാത്രിയുടെ നിശബ്ദതയില്‍
കരിയിലകൂട്ടങ്ങളില്‍ മഴതുള്ളികള്‍ ചിതറിതെറിക്കുമ്പൊള്‍
കാതോര്‍ക്കുക..
ഞങ്ങളുടെ യുഗ്മ താളം കേള്‍ക്കാം...
ഒടുവിലൊരു പൊങ്ങുതടി പോലെ
ഒഴുകിയൊഴുകി ഞങ്ങള്‍ സമാധി തേടുന്നതും കാണാം....
ഇപ്പൊള്‍..
മഴമേഘങ്ങളുടെ ഗര്‍ഭപാത്രത്തില്‍
ഇച്ഛാശക്തിയുടെ
ഒരു മഴകുഞ്ഞ്
വാവിട്ടു കരയുന്നു......
വാവിട്ടു കരയുന്നു.........
ഷെബി ഒരു മഴതുള്ളി...
Posted by ഷെബി ഒരു മഴതുള്ളി... at 11:07 AM 5 comments
| എന്നെക്കുറിച്ചറിയാന്‍ |
| എന്‍റെ കൂട്ടുകാര്‍ |
| പോസ്റ്റ് ചെയ്തവ |
| കവിതകള്‍ |
| ഇവിടെയും സന്ദര്‍ശിക്കൂ |