Friday, August 3, 2012

ഒഴിഞ്ഞ സിംഹാസനം ..!



എന്‍റെ ലോകത്തെ
രാജാവും ഞാന്‍ തന്നെ
സിംഹാസനവും എന്‍റെ തന്നെ
പക്ഷേ,
നിന്‍റെ സിംഹാസനം ഞാന്‍
മോഹിക്കുന്നില്ല
അധികാരത്താല്‍ മലിനമായ
എന്‍റെ ലോകത്തേക്ക്
നിന്നെ വിളിക്കുന്നുമില്ല.

തെണ്ടിയും ഞാന്‍ തന്നെ
വയറൊട്ടിയ വിശപ്പും
എന്‍റെ തന്നെ
പക്ഷേ
നിന്‍റെ ഒരു തെരുവിലും
ഞാന്‍ യാചിക്കാനിറങ്ങുന്നില്ല
നിന്‍റെ പണപ്പെട്ടിയിലെ
ദയക്കായി കൈകള്‍ നീട്ടുന്നുമില്ല.

കൈയ്യെത്താ ഉയരത്ത്
മരണം പഴുത്ത് പാകമായി
തൂങ്ങികിടക്കുമ്പോള്‍
ഈ വിശപ്പ് താങ്ങാനെനിക്ക് വയ്യ.
പഴുത്തമരണം
മരണം കടിച്ചുതിന്ന ഞാന്‍
തെറിച്ചുവീണതോ
ചരമകോളത്തിലും...!!

ഷെബി ഒരു മഴതുള്ളി..




Monday, July 30, 2012

ചുളിഞ്ഞകടലാസ് ...!


ആരൊക്കെയോ എഴുതിമടുത്ത്
ചുരുട്ടിയെറിഞ്ഞ
ഇന്നലേകളുടെ ചുളിവുവീണ
കടലാസാണു ഞാന്‍...

കുത്തും കോമയും
ആശ്ചരിയ ചിഹ്നവുമിട്ട്
നീയെന്നില്‍
ഇതിഹാസം രചിക്കുമ്പോളും
ഞാനറിഞ്ഞിരുന്നില്ല
ഒരിക്കല്‍ നീയെന്നില്‍
ഓര്‍മ്മകള്‍ കൊണ്ടൊരു
ഫുള്‍സ്റ്റോപ്പിടുമെന്ന്

ഇന്നലെ
നിന്‍റെ അടുപ്പിലെ
എരിയുന്ന കനലുകള്‍ക്ക്
ഞാനഗ്നിയായപ്പോള്‍
എന്നില്‍
നീയെഴുതിയ വാക്കുകള്‍ക്ക്
കൂട്ട മരണം...!!


ഷെബി ഒരു മഴതുള്ളി

Friday, July 27, 2012

പകതുടരുമ്പോള്‍ ...




 നിന്‍ മഴുവേറ്റു മുറിഞ്ഞ
ശിഖരത്തില്‍
പച്ചിലകളുടെ നിലവിളി...

തായ് വേരറുത്ത
ചത്തമരത്തില്‍
അവിരാമം കൊത്തുന്നൊരു
മരം കൊത്തി..

മഴമേഘങ്ങളില്‍
നീ കഴുത്തറുത്ത് കൊന്ന
മഴകുഞ്ഞുങ്ങള്‍ ..

നിന്‍റെ വാളാല്‍
ഹ്രുദയം മുറിഞ്ഞ്
അവസാന പ്രകാശവും
ചുമച്ച് തുപ്പുന്നൊരു സൂരിയന്‍ ...

നിന്‍റെ ചെയ്തിയില്‍
പ്രക്രുതിയുടെ പക തുടരുമ്പോള്‍
മഴകാത്ത നിന്‍റെ മക്കള്‍ക്ക്
ഇടിവെട്ടേറ്റ് മരണം..

കരയെ തിന്ന കടലില്‍
പൊങ്ങികിടക്കുന്നത്
നാഥനില്ലാത്ത
ശവങ്ങള്‍ ..

വെയിലേറ്റ് തിളങ്ങുന്നത്
മണ്ണില്‍ പാതി പൂഴ് ന്ന
നിന്‍റെ തലയോട്ടി..

പകയുടെ വേട്ട തുടരുന്നു...!!

ഷെബി ഒരു മഴതുള്ളി..






Saturday, December 24, 2011

ക്രിസ്തുമസ് ആശംസകള്‍...

















ഞാനൊരു മുസല്‍മാന്‍
പക്ഷേ,
ഉമ്മറകോലായില്‍
സന്ധ്യാദീപം തെളിയുന്ന
ആ വീട്ടില്‍ എനിക്കൊരു അമ്മയുണ്ട്
അവര്‍ക്ക് ഞാനാരുമല്ലെങ്കിലും...

ഞാനൊരു മുസല്‍മാന്‍
പക്ഷേ,
അഞ്ചുനേരം നമസ്കരിച്ച്
മഗ് രിബിന് ഖുറാന്‍ ഓതുന്ന
ആ വീട്ടില്‍ എനിക്കൊരു ഉമ്മയുണ്ട്
അവര്‍ക്ക് ഞാനാരുമല്ലെങ്കിലും...

ഞാനൊരു മുസല്‍മാന്‍
പക്ഷേ,
ദിനവും കുരിശ്ശുവരച്ച്
മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന
ആ വീട്ടില്‍ എനിക്കൊരു അമ്മച്ചിയുണ്ട്
അവര്‍ക്ക് ഞാനാരുമല്ലെങ്കിലും...

കാരണം
അവരിലെല്ലാം
ഞാനെന്‍റെ ഉമ്മച്ചിയെ കാണുന്നു...!!

എല്ലാ സുഹ്രുത്തുക്കള്‍ക്കും കുടുംബത്തിനും ക്രിസ്തുമസ്സ് ആശംസകള്‍..!

ഷെബി ഒരു മഴതുള്ളി...!

Sunday, November 20, 2011

നിശബ്ദം....

















ഒരു സന്ധ്യപോലെ എല്ലാ പ്രഭാതങ്ങളും
എന്നേ കടന്നുപോയി
ആകാശത്തിന്‍റെ തളര്‍ച്ചയില്‍
വിറച്ചുമങ്ങി വിരിയുന്ന
തണുത്ത പനിനീര്‍പൂക്കളില്‍
ശലഭങ്ങളുടെ ചിറകടികള്‍
ഇതളുകള്‍ കൊഴിക്കുമ്പോള്‍
ഞാന്‍ മനസ്സിലാക്കട്ടെ..
ഇന്നത്തെ പോലെ
എല്ലാ ദിനങ്ങളും നിശബ്ദമായിരിക്കും...!!

Saturday, November 19, 2011

തുഴയില്ലാ വഞ്ചി


















തനിച്ചുമാത്രം സാധ്യമാകുന്ന
ഒരു യാത്രയാണ് ഓര്‍മ്മ
ഏകാന്തമായൊരു വഴിത്താരയിലൂടെ
സ്വന്തമായ ലോകത്ത് തനിച്ചുള്ള യാത്ര...
വേദനയുടെ തുളവീണ ഹ്രുദയവുമായി
തുഴയില്ലാ വഞ്ചിയില്‍
ഓര്‍മ്മകളുടെ
നിലയില്ലാകയത്തില്‍ പെട്ട് ഉഴറുമ്പോള്‍
ഒരു പ്രകാശഗോപുരവും
എനിക്ക് കാണാനാവുന്നില്ല..

Tuesday, November 15, 2011

നോവറിയാതെ നിനക്കായ്..














രാത്രിയുടെ വഴിയൊരുക്കി
എത്ര സന്ധ്യകള്‍ വന്നാലും..

എന്‍റെ മൂകമായ ദിനങ്ങളെ
പ്രണയിച്ചെത്ര രാത്രി കടന്നുപോയാലും..

കരിയിലകളെ നോക്കി
ചില്ലകളെത്ര കരഞ്ഞാലും..

എന്നിലെ കൂട് വെടിഞ്ഞ്
കിളികളെല്ലാം പറന്നകന്നാലും....
വെയില്‍ തിന്ന് ഞാന്‍
അഗ്നിയായാലും...

എന്‍റെ
അവസാന മിടിപ്പ് വരെ
ഞാനീ മണ്ണില്‍
നിനക്കായ് ആഴ് ന്നു നില്‍ക്കും....

എന്നിട്ടും
എന്തിനു നീ
കോടാലിതുമ്പ് മൂര്‍ച്ചകൂട്ടുന്നു...??



ഷെബി ഒരു മഴതുള്ളി..